കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമം..


കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമം. തലശ്ശേരി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസ് ബോംബ് എറിഞ്ഞ് തകർത്തു .കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള ഇരുപതോളം ഓഫിസുകളും, ബസ്സ് ഷെൽട്ടറുകളുമാണ് തകർത്തത്. സി പി എം നേതൃത്വത്തിൻ്റെ അറിവോടെയാണ് ജില്ലയിൽ അക്രമം നടക്കുന്നതെന്ന് ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു.

ഇന്നലെ രാത്രിയാണ് തലശ്ശേരി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസ് ബോംബ് എറിഞ്ഞ് തകർത്തത്. മാടപ്പീടിക ഗുംട്ടിയിലെ ഓഫിസിന് നേരെ അക്രമികൾ ബോംബെറിയുകയായിരുന്നു. ആഗസ്ത് 21നാണ് പുതിയ ഓഫിസ് കെട്ടിടം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തത്. ചെയ്തത്. വാതിലും, ജനലും കമ്പ്യൂട്ടറും ബോംബേറിൽ പൂർണമായും തകർന്നു.നേരത്തെ ഈ ഓഫിസ് സി പി എം പ്രവർത്തകർ തകർത്തതിനെ തുടർന്നാണ് പുതുക്കി പണിതത്. ന്യൂമാഹി മണ്ഡലത്തിലെ കുറിച്ചിയിൽ ഇയ്യത്തുംങ്കാട് പ്രിയദർശനി ഓഫീസിന് നേരെയും അക്രമം ഉണ്ടായി.ഓഫിസ് വാതിലും, ജനൽ ചില്ലുകളും തകർന്നു.
തലശ്ശേരി തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് അക്രമിച്ച് നശിപ്പിച്ചു.

ചെറുതാഴത്തും കോൺഗ്രസ്സ് ഓഫിസിന് നേരെ അക്രമം ഉണ്ടായി . സംഘടിച്ച് എത്തിയ സി പി എം പ്രവർത്തകർ ഹനുമാരമ്പലത്തിനു സമീപമുള്ള കോൺഗ്രസ്സ് ഓഫിസ് അക്രമിച്ചു. ഓഫിസും സ്തൂപവും സി പി എം പ്രവർത്തകർ അടിച്ചു തകർത്തു.പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകമന്ദിരം ഇന്നലെ അടിച്ചുതകർത്തിരുന്നു.

മുഴപ്പാലയിലെ കോൺഗ്രസ്സ് ഓഫീസും അഞ്ചരക്കണ്ടിയിലെ ഓഫീസും തകർത്തു. പാളയത്തെ പ്രിയദർശിനി ക്ലബ്ബ് അടിച്ച് തകർക്കുകയും, ഫർണ്ണിച്ചറുകൾക്ക് തീയിട്ടു.മട്ടന്നൂർ വെള്ളിയാം പറമ്പിലെ ഓഫീസ് പൂർണ്ണമായും അടിച്ച് തകർത്തു. പട്ടാന്നൂർ കൊളപ്പയിലെ കോൺഗ്രസ് ഓഫിസിന് നേരെയും അക്രമം ഉണ്ടായി.സി പി എം നേതൃത്വത്തിൻ്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. കണ്ണൂർ തെക്കി ബസാറിലെയും, ഫോർട്ട് റോഡിലെയും രാജീവ് ഗാന്ധി സ്തൂപം അക്രമികൾ അടിച്ച് തകർത്തു.

Post a Comment

Previous Post Next Post