അപകടത്തിൽപ്പെട്ടയാൾക്ക് ആർ.ടി.ഒ. ജീവനക്കാർ രക്ഷകരായി..

ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡരികിൽ രക്തം വാർന്നു കിടന്ന യുവാവിന്റെ രക്ഷയ്ക്കെത്തിയത് മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർ. ഇരിട്ടിയിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.പി.ശ്രീജേഷും ഡ്രൈവർ എം.കെ.ശ്രീജിത്തുമാണ് രക്ഷയ്ക്കെത്തിയത്. അപകടത്തിൽ പരിക്കേറ്റ ആളുടെ കോവിഡ് ഫലം വരുന്നതുവരെ ഇരുവരും നിരീക്ഷണത്തിൽ പോയി.

ഇരിട്ടി-ഉളിക്കൽ റൂട്ടിൽ പുതുശ്ശേരിയിൽ ഇരുചക്രവാഹനം റോഡിൽ തെന്നിവീണതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തംവാർന്ന് കിടന്ന കീഴൂർ സ്വദേശി ജെയിംസിനെയാണ് ഇരുവരും രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഔദ്യോഗിക ആവശ്യത്തിന് ഉളിക്കലിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് പുതുശ്ശേരിയിൽ റോഡരികിൽ യുവാവ് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. ഈ സമയം ഇതുവഴിയുള്ള യാത്രക്കാർ ഇവിടെ കൂടിനിന്നെങ്കിലും ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല. ഇവർ ഇയാളെ വാഹനത്തിൽ കയറ്റി ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു. 

Post a Comment

Previous Post Next Post