രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 30നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു..




രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 30നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

അതേസമയം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കില്‍ അക്കാര്യം സര്‍ക്കാരുകള്‍ക്ക് യു.ജി.സിയെ അറിയാക്കാമെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ യു.ജി.സി തീരുമാനം നടപ്പാക്കേണ്ട ബാദ്ധ്യത സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ 31 വിദ്യാര്‍ത്ഥികളാണ് പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിന്മേലാണ് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പരീക്ഷകള്‍ നീട്ടിവയ്‌ക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാല്‍ റദ്ദാക്കാനാകില്ല. പരീക്ഷയില്ലാതെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഒഡീഷ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലെന്ന യു.ജി.സി വാദം കോടതി നിലവില്‍ അംഗീകരിച്ചിരിക്കുകയാണ്. അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ സെപ്‌തംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാന്‍ യു.ജി.സി നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു.

അതേസമയം ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ നടത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സെപ്തംബര്‍ ഒന്നുമുതല്‍ ആറ് വരെ പരീക്ഷകള്‍ നടന്നേക്കും. സംസ്ഥാനങ്ങളുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് നീങ്ങുന്നത്.

Post a Comment

Previous Post Next Post