പൈതൽമലയിൽ കാട്ടുപൂക്കളുടെ വസന്തം..


പൂസമൃദ്ധിയുമായി ഓണത്തെ വരവേറ്റ് പൈതൽമല. പച്ചവിരിച്ച മലയൊന്നാകെ കാട്ടുപൂക്കളുടെ നിറവസന്തമാണിപ്പോൾ. കുറിഞ്ഞികളും കണ്ണാന്തളിയും പൂമ്പാറ്റ ഓർക്കിഡും കാട്ടുപുകയിലയുമൊക്കെ മല നിറയെ വിരിഞ്ഞുനിൽക്കുകയാണ്. കുട പിടിച്ചതുപോലെ പൂചൂടി നിൽക്കുന്ന ചിറ്റേലച്ചെടികളുമുണ്ട് കൂട്ടിന്. സന്ദർശകർ മലകയറിയിട്ട് ആറുമാസം കഴിഞ്ഞു. വനപാലകരൊഴിച്ച് ആരുമിപ്പോൾ എത്താറില്ല. അതിനാൽ മലയും പുൽമേടും ആകെ മാറി.

വഴികളിൽ ഈറ്റയും പുല്ലുകളും തഴച്ചുവളർന്നു. കാട്ടുപടവലവും എരുമപ്പാവലും കുറുക്കൻ വെള്ളരിയും മൂക്കട്ടപ്പഴവും പീരാമ്പിരിക്കയും പുൽമേടിന്റെ അരികിലെ കുറ്റിച്ചെടികളിൽ പടർന്നുകിടക്കുകയാണ്. കണ്ണാന്തളിപ്പൂക്കളുടെ സമൃദ്ധിയാണ് ഏറെ പ്രത്യേകത. കണ്ണെഴുതി പൊട്ടുതൊട്ട വയലറ്റുപൂക്കൾ നക്ഷത്രങ്ങൾ പോലെ പുൽമേടാകെ ചിതറി വളർന്നുകിടപ്പുണ്ട്. സാധാരണ ഈ പൂക്കൾ അങ്ങനെ കാണാൻ കിട്ടാറില്ല. കാണാനെത്തുന്നവർ വേരോടെ പിഴുത് കൊണ്ടുപോകുന്നതായിരുന്നു കാരണം. മരുന്നുമാണ് ചെടി. കാശിത്തുമ്പയുടെ പല ഇനങ്ങളുമുണ്ട്. ചിറ്റേലവും മല നിറയെ ഉണ്ട്. പൂവിടുന്ന സമയമാണിത്. വയറുവേദനയ്ക്ക് പാരമ്പര്യമായി നൽകുന്ന മരുന്നാണ് ഇതിന്റെ വിത്ത്.
പൂമ്പാറ്റകളും ഓണത്തുമ്പികളും സാധാരണ തുമ്പികളും വിസ്തൃതമായ നീലാകാശം നിറയെ കാണുന്നത് ആദ്യമായാണെന്നാണ് വനം വകുപ്പ് ജീവനക്കാരൻ ആന്റണി മേനോൻ പറമ്പിൽ പറയുന്നത്.
ചവിട്ടിമെതിച്ച് ബഹളംവെച്ച് ആളുകൾ എത്താതായതോടെ കാണാത്ത ചെടികളും പൂക്കളും ശലഭങ്ങളും എല്ലാം ദൃശ്യമായിട്ടുണ്ട്. കാലവർഷക്കാലത്തെത്തുന്ന ആനക്കൂട്ടങ്ങൾ ഇനിയും പൈതൽമലഞ്ചെരിവ് വിട്ടുപോയിട്ടില്ല. മ്ലാവും കേഴയും കാട്ടുപന്നികളും ധാരാളമായി എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊടിക്കളംമുതൽ പടിഞ്ഞാറെ തലഭാഗംവരെ പൂക്കളുടെ സമൃദ്ധി കാണാൻ കഴിയും. മലയിലേക്കുള്ള പ്രവേശനം അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും കടത്തിവിടുന്നത്. പ്രദേശത്തെ റിസോർട്ടുകളും കടകളും പൂർണമായി അടഞ്ഞുകിടക്കുകയാണ്.

Post a Comment

Previous Post Next Post