പഴയങ്ങാടി: പഴയങ്ങാടി-പുതിയങ്ങാടി റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തിയെങ്കിലും റെയിൽവേ അടിപ്പാലത്തിന്റെ വീതിക്കുറവ് മൂലമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. കോവിഡ് കാലമായതിനാലും സ്വകാര്യ ബസ്സുകളുടെ ഓട്ടം കുറവായതിനാലും കുരുക്കിന് അൽപം കുറവുണ്ടെന്നുമാത്രം. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിൽ വർഷങ്ങളായി അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് അൽപമെങ്കിലും ശമനമുണ്ടായത് റോഡ് വീതി കൂട്ടിയതോടെയാണ്.
പഴയങ്ങാടി-പുതിയങ്ങാടി നാലുകിലോമീറ്റർ റോഡ് മൂന്നുകോടി രൂപ ചെലവിലാണ് മെക്കാഡം ടാറിങ്ങിലൂടെ നവീകരിച്ചത്. ഇതോടെ ഇതുവഴിയുള്ള വാഹനയാത്ര സുഗമമായെങ്കിലും റെയിൽവേ അടിപ്പാലമെന്ന ഊരാക്കുടുക്കിൽ കുടുങ്ങി ദിവസവും വാഹനയാത്രക്കാർ നട്ടംതിരിയുകയാണ്. മഴക്കാലത്ത് ഈ ഭാഗത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അതിന്റെ ദുരിതം വേറെയും.
കാളവണ്ടി പോകാൻ മാത്രം പാകത്തിൽ ബ്രിട്ടീഷുകാർ നൂറ്റാണ്ടിനുമുമ്പ് പണിത വഴിയാണിത്. ഒരു വലിയ വാഹനത്തിനു കടന്നുപോകാൻ പാകത്തിലുള്ള വീതി മാത്രമേ അടിപ്പാലത്തിലെ റോഡിനുള്ളൂ. അതുകൊണ്ടുതന്നെ ഇരുഭാഗത്തായി വാഹനങ്ങൾ നിർത്തിയതിനു ശേഷം ഒരുഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോയതിനു ശേഷം മാത്രമേ എതിർഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കൂ. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, പുതിയങ്ങാടി, മാട്ടൂൽ മേഖലയിലേക്കുള്ളവരാണ് റെയിൽവേ അടിപ്പാലത്തിന്റെ വീതിക്കുറവ് കാരണം വലയുന്നത്.
കുപ്പിക്കഴുത്തെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് റെയിൽവേ അടിപ്പാലം. ഈ ദുരിതത്തിന് ആശ്വാസം പകരുന്ന ഒരു പദ്ധതിയും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലുള്ള പാലം വീതി കൂട്ടുകയെന്നത് അപ്രായോഗികം. സമാന്തരമായി മറ്റൊരു ടണൽ നിർമിക്കുകയാണ് അഭികാമ്യം. ഈ നിർദേശം മുമ്പേ ബന്ധപ്പെട്ടവർക്ക് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് നൽകിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ഒന്നിച്ച് അണിനിരന്ന് സമ്മർദം ചെലുത്തണം.
പി.വി.അബ്ദുള്ളജില്ലാ വൈസ് പ്രസിഡൻറ്്, വ്യാപാരി വ്യവസായി ഏകോപന സമിതിപഴയങ്ങാടി
പട്ടണത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു കാരണം പഴയങ്ങാടി അടിപ്പാലത്തിന്റെ ഇടുക്കമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1909-ൽ പണിത പാലത്തിന്റെ ഉറപ്പുകാരണം ഇത് പൊളിച്ച് വീതികൂട്ടാനുള്ള ശ്രമം പരാജയപ്പെടുകയാണുണ്ടായത്.
ഇതിന് ഏക പരിഹാരം മേൽപ്പാലമാണ്. ഈ നിർദേശം റെയിൽവേക്ക് സമർപ്പിച്ച് അംഗീകാരം നേടുന്നത് പ്രദേശത്തിന്റെ സമഗ്രവികസനം ഉറപ്പാക്കും.
കെ.പി.ചന്ദ്രാംഗദൻപ്രസിഡൻറ്് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻപഴയങ്ങാടി
റെയിൽവേ അടിപ്പാലത്തിലെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാണ്. ഇക്കാര്യത്തിൽ റെയിൽവേ കൂടി കനിയണം. റെയിൽവേയുമായി ചർച്ചചെയ്ത് എം.പി.യും എം.എൽ.എ.യും ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം. ഇതിനുള്ള എല്ലാ പിന്തുണയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിന്റെ നവീകരണത്തിന് ജനകീയ പിന്തുണ കൂടിയുണ്ടെങ്കിലേ ഗതാഗതക്കുരുക്കിൽനിന്ന് ശാശ്വതപരിഹാരമുണ്ടാക്കാൻ സാധിക്കൂ.
എ.സുഹറാബിമാടായി പഞ്ചായത്ത് പ്രസിഡൻറ്

Post a Comment