തളിപ്പറമ്പിലെ തലതിരിഞ്ഞ കടതുറക്കല്‍ തീരുമാനത്തിനെതിരെ വ്യാപാരികള്‍ ഉപവസിക്കും....





നീണ്ട 22 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ തളിപ്പറമ്പിലെ ലോക്ഡൗണിന് ശേഷം തുറന്നപ്പോൾ ജില്ലാ ഭരണകൂടം ബുധനാഴ്ച്ച രാത്രി പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം ഒരേ പ്രദേശത്തെ മുഖാമുഖമുള്ള കടകളില്‍ ഒരു ഭാഗത്തേതുമാത്രമേ തുറക്കാന്‍ സാധിക്കൂ. നഗരത്തില്‍ ദേശീയപാതയോരത്തെ ഷോപ്പ്റിക്സ് മാള്‍ തുറക്കാന്‍ സാധിക്കില്ലെങ്കിലും അതിന് നേരെ മുന്നിലുള്ള സെഞ്ച്വറി ഫാഷന്‍സിറ്റി തുറക്കാം.

തളിപ്പറമ്പില്‍ ആഗസ്ത് 7 മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടാന്‍ കാരണമായ മല്‍സ്യ മാര്‍ക്കറ്റും പരിസരവും മലര്‍ക്കെ തുറക്കാം, പക്ഷെ, റോഡിനപ്പുറത്തെ ബോംബെ പ്ലാസ്റ്റിക്ക് തുറക്കാന്‍ പാടില്ല. ഈ തലതിരിഞ്ഞ തീരുമാനത്തിനെതിരെ വ്യാപാരി സമൂഹത്തില്‍ ശക്തമായ പ്രതിഷേധം രൂപപ്പെട്ടുവരികയാണ്.


നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുംകോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉടന്‍ തുറക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം തിരുവോണനാളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം 5 വരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറരും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ് റിയാസ്, ജന.സെക്രട്ടറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവര്‍ ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപവാസ സമരത്തിന്റെ മുന്നോടിയായി ഇന്നലെ രാവിലെ വ്യാപാരി നേതാക്കള്‍ മെയിന്‍ റോഡില്‍ നില്‍പ്പ് സമരം നടത്തി.

കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, ടി.ജയരാജ്, കെ.ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്നലെ രാവിലെ മുതല്‍ തുറന്ന വാര്‍ഡുകളായ (വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍)–മൂന്ന്-പുഴക്കുളങ്ങര, 16-ഹബീബ്നഗര്‍(മാര്‍ക്കറ്റ്,ഗോദ), 18-കോടതിമൊട്ട, 20-നേതാജി നഗര്‍, 22-കാക്കാഞ്ചാല്‍, 23-കുറ്റിക്കോല്‍, 24-തുരുത്തി, 25-കൂവോട്, 29-പൂക്കോത്ത്തെരു-(തൃച്ചംബരം എല്‍ ഐ സി മുതല്‍ പള്ളിത്തറ ജ്വല്ലറി വരെ), 30-കീഴാറ്റൂര്‍, 32-പാളയാട്-(പള്ളിത്തറ ജ്വല്ലറി മുതല്‍ എ ബി സി വരെ).

എന്നിവിടങ്ങളില്‍ മാത്രം ചില കടകള്‍ തുറന്നിട്ടുണ്ടെങ്കിലും ബഹുഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.

മല്‍സ്യ-ഇറച്ചി മാര്‍ക്കറ്റുകള്‍ ഇന്ന് രാവിലെ മുതല്‍ തുറക്കുമെന്ന്‌
ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഏറെ പ്രതിഷേധമുയര്‍ത്തിയ ശേഷം ചില വാര്‍ഡുകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കിയത് ഫലത്തില്‍ ഈ വര്‍ഷത്തെ ഓണവിപണിയെ തകര്‍ത്തെറിഞ്ഞിരിക്കയാണ്.

Post a Comment

Previous Post Next Post