പ്രതീക്ഷകൾ ബാക്കിയാക്കി ഡോക്ടർ അനൂപ് യാത്രയായി..


ബ്ലഡ് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവ ഡോക്ടർ എം.കെ അനൂപ് (36) മരണത്തിന് കീഴടങ്ങി. നവി മുംബൈയിൽ
ടാറ്റാ  മെമ്മോറിയൽ  അഡ്വാൻസ്ഡ് സെന്റർ  ഫോർ  ട്രീറ്റ്മെന്റ്, റിസർച്ച്  ആൻഡ് എഡ്യൂക്കേഷൻ  ഇൻ  ക്യാൻസർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റ് ആയി ജോലിചെയ്തു വരുന്നതിനിടെയാണ് അനൂപ് അസുഖ ബാധിതനായി മുംബൈയിൽ ചികിത്സ തേടിയത്. രക്തമൂല കോശം മാറ്റിവെക്കൽ മാത്രമായിരുന്നു ഏക പോംവഴി. ദേശീയ അന്തർദേശീയ റെജിസ്റ്ററിയിൽ നിന്നും അനൂപിന്റെതിന് സാമാനമായ രക്തമൂല കോശം ലഭിക്കാത്തതിനെ തുടർന്ന് 2019 ജൂലൈയിൽ  പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി , ഗാന്ധി- നെഹ്റു പഠനകേന്ദ്രത്തിലും കാസർകോടും രക്തമൂല കോശ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.  ആരോഗ്യ നിലയിൽ പുരോഗതി കൈവരിച്ചതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് രണ്ടാഴ്ച മുൻപ് ആരോഗ്യം വഷളായത്.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ.
ഇന്ത്യയിലെ ഏറ്റവും വലിയ ചികിത്സാ ഗവേഷണ കേന്ദ്രമായ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 2015 ലെ ഡോ. ശ്യാം ശര്‍മാ മെഡല്‍ അനൂപിനെ തേടിയെത്തിയിരുന്നു. 
എം ഡി (റേഡിയോളജി) കോഴ്‌സില്‍ പ്രകടിപ്പിച്ച പഠന പ്രവര്‍ത്തന മികവ് പരിഗണിച്ചാണ്  അനൂപിനെ ഈ അംഗീകാരത്തിന് തെരഞ്ഞെടുത്തത്.കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു എം ബി ബി എസ് പഠനം. തുടര്‍ന്ന് റേഡിയോളജിയില്‍ ഡല്‍ഹി എ ഐ എം എസില്‍ എം ഡി പാസായി. ഇവിടെ സേവനം തുടരുന്നതിനിടയിലാണ് ഡോ. ശ്യാം ശര്‍മ മെഡലിന് അര്‍ഹനായത്.
കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിയിരുന്ന അനൂപ് 2002ലെ സി ബി എസ് സി, എസ് എസ് എല്‍ സി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിക്കൊണ്ടാണ് നേട്ടങ്ങളുടെ തുടക്കം കുറിച്ചത്.
പ്ലസ് ടു പരീക്ഷയില്‍ ദേശീയ തലത്തില്‍ നാലാം റാങ്കും നേടി ശ്രദ്ധേയനായിരുന്നു. 
റിട്ട. ജോയൻ്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ കരിവെള്ളൂർ  കുണിയനിലെ മടയമ്പത്ത്  ഭാസ്കരന്റെയും കാസർകോട് അണങ്കൂരിലെ  ശശികലയുടേയും മൂത്തമകനാണ് അനൂപ്. ഭാര്യ :ഡോ. ഇഷ. സഹോദരൻ : അനീഷ്(ഐടി എഞ്ചിനീയർ)

Post a Comment

Previous Post Next Post