ചെറുതാഴം, മാടായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ എല്ലാവർക്കും കുടിവെള്ളം..




കല്യാശ്ശേരി മണ്ഡലത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടാത്ത ചെറുതാഴം, മാടായി, കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 129 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി. ജലജീവൻ മിഷൻ പദ്ധതി, കിഫ്ബി എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പയ്യന്നൂർ താലൂക്ക് ഓഫീസിൽ യോഗം ചേർന്നു.

ചെറുതാഴം പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്നതിന് ത്രീസ്ഥയിൽ എട്ടര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെയും പടിക്കപ്പാറയിൽ നാലരലക്ഷം ലിറ്റർ ടാങ്കിന്റെയും കുഞ്ഞിമംഗലം പഞ്ചായത്തിലേക്ക് പയ്യന്നൂർ കോളേജിന് സമീപം നിർമിക്കുന്ന എട്ടരലക്ഷം ലിറ്റർ ഉൾക്കൊള്ളുന്ന ടാങ്കിന്റെയും പ്രവൃത്തികൾ പുരോഗമിക്കുന്നു. ഈ പദ്ധതിക്ക് 57 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പരിയാരം ചെനയന്നൂർ ടാങ്കിന്റെ മെയിൻ പൈപ്പ് ലൈനിൽനിന്ന് വെള്ളം എത്തിക്കുന്ന പ്രവൃത്തി 70 ശതമാനം പൂർത്തിയായി.

ചെറുതാഴം, മാടായി, കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിന് 72.12 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതിക്കാണ് ഭരണാനുമതിയായത്. മാടായി പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി പുതിയതായി ഗാർഹിക കുടിവെള്ള കണക്ഷൻ സ്ഥാപിക്കുന്നതിന് 63 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കും. ചെറുതാഴം പഞ്ചായത്തിൽ 173 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 31. 20 കോടിയും, കുഞ്ഞിമംഗലം പഞ്ചായത്തിൽ ഗാർഹിക കുടിവെള്ളക്ഷം സ്ഥാപിക്കുന്നതിൽ 19 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതി സാങ്കേതിക അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചു. സെപ്‌റ്റംബറിൽ ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ സി.കെ.സുരേഷ് ബാബു യോഗത്തിൽ പറഞ്ഞു.

ചെറുതാഴം, മാടായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും പദ്ധതി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തുമെന്ന് ടി.വി. രാജേഷ് എം.എൽ.എ. പറഞ്ഞു.പദ്ധതിക്ക് ഭരണാനുമതിയായി
129 കോടി രൂപ ചെലവഴിക്കും

Post a Comment

Previous Post Next Post