പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മാടായിപ്പാറയിൽ നീലവസന്തം.... എങ്ങും കാക്കപ്പൂക്കൾ വിരിഞ്ഞുതുടങ്ങി...



പഴയങ്ങാടി: ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു. ചിങ്ങത്തെ വരവേൽക്കാൻ കാക്കപ്പൂക്കൾ പാറയിൽ എങ്ങും വിരിഞ്ഞുതുടങ്ങി. ഡ്രോസിറ ഇൻഡിക്ക എന്ന പേരിലറിയപ്പെടുന്ന ഇരപിടിയൻസസ്യംമുതൽ മുക്കുറ്റി, വിഷ്ണുക്രാന്തി വരെയുള്ള അപൂർവസസ്യങ്ങൾകൊണ്ട് അനുഗൃഹീതമാണ് മാടായിപ്പാറ. ദേശാടനപ്പക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയ മാടായിപ്പാറയിൽ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി നിരവധി പേർ എത്താറുണ്ടായിരുന്നു. വൈവിധ്യമാർന്ന 250-ലധികം സസ്യങ്ങളുമുണ്ട്.

ഉല്ലാസത്തിനെത്തുന്നവർ കോവിഡ് കാലത്തുപോലും അച്ചടക്കം പാലിക്കാതെ പാറയുടെ ജൈവവൈവിധ്യത്തിന് കോട്ടംതട്ടുംവിധം വാഹനങ്ങൾ കയറ്റുന്ന പ്രവണത കൂടുകയാണ്. ഇത് മഴക്കാലത്ത് മുളച്ചുപൊങ്ങുന്ന പൂവുകൾക്കു മാത്രമല്ല ചെറുജീവികൾക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

കോവിഡ് കാലത്ത് മാടായിപ്പാറയിൽ ഉല്ലാസത്തിനും മറ്റുമായി വാഹനങ്ങളിൽ കൂട്ടംകൂടി വരുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം. രാജേഷ് പറഞ്ഞു. പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അവധിദിവസങ്ങളിൽ ദൂരസ്ഥലങ്ങളിൽനിന്നും മറ്റുമായി വാഹനങ്ങളിൽ പാറയിലെത്തുന്നവർക്കെതിരേ പകർച്ചവ്യാധി രോഗവ്യാപനനിയമപ്രകാരം കേസെടുക്കുകയും പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post