സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി കണ്ണപുരം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. റോഡരികുകളില്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം എല്‍ എ പറഞ്ഞു.
പഞ്ചായത്തില്‍ കെ എസ് ടി പി റോഡിന്റെ ഇരുവശങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്ന ഹരിതവീഥി പദ്ധതി ആരംഭിച്ചു കഴിഞ്ഞു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടന്നു വരുന്നത്. ജൈവ അജൈവ മാലിന്യ സംഭരണവും സംസ്‌കരണവും, ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. ഹരിത കര്‍മ്മസേനകളാണ് പ്രവൃത്തി വിജയകരമായി നടത്തുന്നത്. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തരംതിരിച്ച് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എം സി എഫിലേക്ക് എത്തിക്കുന്നുണ്ട്. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ പ്ലാന്റുകളും സ്ഥാപിച്ചു കഴിഞ്ഞു.
കണ്ണപുരത്തെ മത്സ്യ മാര്‍ക്കറ്റുകളും ശുചിത്വ കാര്യത്തില്‍ മികവിന്റെ മാതൃകയാണ്. ആധുനിക രീതിയിലുള്ള ഡ്രെയിനേജ് സംവിധാനം ഇവിടെയുണ്ട്. കൂടാതെ മാര്‍ക്കറ്റില്‍ നിന്നുമുള്ള വെള്ളം ശുദ്ധീകരിക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിച്ചു. മികവ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ തൃപ്തികരമായി നടപ്പിലാക്കിയെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിച്ച് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ ദുര്‍ഗന്ധമില്ലാത്ത സംസ്ഥാനത്തെ തന്നെ മികച്ച മത്സ്യ മാര്‍ക്കറ്റായി ഇത് മാറി. ഇതിനു പുറമെ സ്ത്രീ സൗഹൃദ ശുചിമുറികളും പഞ്ചായത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു.
പ്രഖ്യാപന ചടങ്ങില്‍ കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ അധ്യക്ഷനായി. വി ഇ ഒ കെ വി സിമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ശ്രീകണ്ഠന്‍, പി വി ബാബുരാജേന്ദ്രന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് സെക്രട്ടറി എം കെ നാരായണന്‍കുട്ടി, അസി. സെക്രട്ടറി നിത കൃഷ്ണന്‍, കല്യാശ്ശേരി ബ്ലോക്ക് ജി ഇ ഒ രഘുവരന്‍, ക്ലീന്‍ കേരള മാനേജര്‍ ആശംസ് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment