ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്..

കേരളത്തില്‍ ഒറ്റപ്പെട്ട പ്രേദേശങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.



നാളെ, 2020 ഓഗസ്റ്റ് 11 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ജാഗ്രത തുടരാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കേണ്ടതാണ്.

നദികളില്‍ ശക്തമായ ഒഴുക്ക് തുടരാന്‍ സാധ്യതയുള്ളതിനാല്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ശക്തമായ ഒഴുക്കുള്ള ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ ആവശ്യമായ ജാഗ്രത തുടരേണ്ടതാണ്.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റ് വീശുന്നതിനാല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

Post a Comment

Previous Post Next Post