ജാഗ്രതയോടെ കെ.എസ്.ആർ.ടി.സി. ബെംഗളൂരു സർവീസ് ഇന്നുമുതൽ..


കെ.എസ്.ആർ.ടി.സി.യുടെ കണ്ണൂർ-ബെംഗളൂരു ഓണക്കാല പ്രത്യേക സർവീസ് ബുധനാഴ്ച തുടങ്ങും. കണ്ണൂരിൽനിന്ന് രാവിലെ 7.30-ന് പുറപ്പെടുന്ന ബസ് വൈകീട്ട് ബെംഗളൂരുവിലെത്തും. തുടർന്ന് രാത്രി 11-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് തിരിക്കും. സെപ്റ്റംബർ ആറുവരെയാണ് സർവീസുകൾ. യാത്രക്കാരുടെ എണ്ണം പരിഗണിച്ചാകും സർവീസുകൾ നടത്തുക. കണ്ണൂരിൽനിന്ന് ചെന്നൈയിലേക്കുള്ള സർവീസുകളും ബുധനാഴ്ച തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, മതിയായ യാത്രക്കാർ സീറ്റ് ബുക്ക് ചെയ്യാത്തതിനാൽ ഈ മാസം 31 വരെയുള്ള സർവീസുകളെല്ലാം റദ്ദാക്കി.

ജില്ലയിൽ കണ്ണൂർ ഡിപ്പോയിൽനിന്ന് മാത്രമാണ് ബെംഗളൂരു സർവീസുകൾ. 609 രൂപയാണ് യാത്രാനിരക്ക്. 39 സീറ്റുള്ള സൂപ്പർ ഡീലക്‌സ് ബസ്സാണ് യാത്രയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന ജാഗ്രതയോടെയാണ് സർവീസുകൾ നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ജില്ലാ അധികൃതരുടെ ഡ്രോപ്പിങ് പോയിന്റിലാകും യാത്രക്കാരെ ഇറക്കുക. കണ്ണൂർ, ഇരിട്ടി, വീരാജ്‌പേട്ട, മൈസൂരു വഴിയാണ് സർവീസ്.
കേരളത്തിലേക്ക് വരുന്നവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ കെ.എസ്.ആർ.ടി.സി. ബസ്സിൽ കാണിക്കുകയും വേണം. ബസ്സിൽ രണ്ട് ജീവനക്കാരുണ്ടാകും. ഇവർക്ക് പി.പി.ഇ. കിറ്റ് ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്.

യാത്രക്കാരുമായി കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. ഓണത്തോട് അനുബന്ധിച്ച് അന്യസംസ്ഥാനത്തുനിന്ന് നാട്ടിലെത്തുന്നവർ ആരോഗ്യവകുപ്പ് നിർദേശിക്കുന്നതുപോലെ നിരീക്ഷണത്തിൽ കഴിയുകയും വേണം.

Post a Comment

Previous Post Next Post