കണ്ണൂർ : വൈദ്യുതി തടസ്സമില്ലാതെ ജില്ലയിൽ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വെളിയമ്പ്രയിൽ നിർമിച്ച 33 കെവി സബ് സ്റ്റേഷൻ നാളെ പ്രവർത്തനം തുടങ്ങും. പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
പഴശി ഡാമിൽനിന്നുള്ള പമ്പിങ് വൈദ്യുതി നിലക്കുന്നതുമൂലം ഇടക്കിടെ തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് സബ്സ്റ്റേഷൻ നിർമിച്ചത്. മഴക്കാലത്തും മറ്റും വൈദ്യുതി മുടക്കം പതിവാകുകയും പമ്പിങ് നിലക്കുകയും ചെയ്താൽ കണ്ണൂർ നഗരത്തിലും പരിസരങ്ങളിലും കടുത്ത കുടിവെള്ളക്ഷാമമാണുണ്ടാവുന്നത്. ചാവശേരി സബ് സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് പമ്പിങ്. 389 ലക്ഷം രൂപ ചെലവഴിച്ചാണ് പമ്പ് ഹൗസിന് സമീപം പുതിയ സബ് സ്റ്റേഷൻ നിർമിച്ചത്. കണ്ണൂർ, കൊളച്ചേരി, കീഴൂർ–ചാവശേരി, പട്ടുവം, പെരളശേരി, കൂത്തുപറമ്പ് തുടങ്ങിയ പദ്ധതികളിലൂടെയാണ് ജില്ലയിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ കുടിവെള്ള വിതരണം തടസ്സമില്ലാതെ നടത്താനാകും.
ചടങ്ങിൽ വൈദ്യുതി മന്ത്രി എം എം മണി അദ്ധ്യക്ഷനാകും. കെ. സുധാകരൻ എം പി മുഖ്യാതിഥിയാകും.


Post a Comment