കണ്ണൂർ ജില്ലയില്‍ രോഗവ്യാപനം കൂടുന്നു; അതീവ ജാഗ്രത അനിവാര്യമാണെന്ന് ഡി.എം.ഒ..




കണ്ണൂര്‍ ജില്ലയില്‍ ആശങ്കയുളവാക്കുന്ന തരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക് പറഞ്ഞു.

പ്രതിദിനം നൂറിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയില്‍ രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നുവരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഒപ്പം ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ രോഗികളുടെ എണ്ണം 2000 കടന്നതും ഏറെ ഗൗരവമുള്ളതാണ്.

സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തില്‍ പരിയാരം, കടന്നപ്പള്ളി, ഇരിക്കൂര്‍, ഇരിട്ടി, തളിപ്പറമ്പ് മേഖലകളെ ക്ലസ്റ്ററുകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഉറവിടമില്ലാത്ത കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതും ഗൗരവത്തോടെ കാണേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.

ജില്ലയില്‍ യുവാക്കള്‍ക്കിടയിലാണ് ഇപ്പോള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുന്നതും കൂട്ടം ചേരുന്നതും പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ മാത്രമേ ഇത് നിയന്ത്രിക്കാനാവൂ.

അതിര്‍ത്തി കടന്നുള്ള യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. പൊതുജനങ്ങള്‍ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചെങ്കില്‍ മാത്രമേ ഈ ഗുരുതര സാഹചര്യത്തെ മറികടക്കാനാവൂ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ സമ്പര്‍ക്ക സാധ്യതകള്‍ വര്‍ധിച്ചതിനാല്‍ സ്വയം ജാഗ്രത പാലിക്കല്‍ അനിവാര്യമാണ്.

 വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടു മീറ്റര്‍ അകലം പാലിക്കല്‍, ശരിയായ രീതിയിലുള്ള മാസ്‌ക് ധാരണം, ഇടയ്ക്കിടെയുള്ള അണുനശീകരണം, റിവേഴ്‌സ് ക്വാറന്റൈന്‍, വിവാഹം, മരണം പോലുള്ള ചടങ്ങുകളിലെ പരിമിത പങ്കാളിത്തം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഈ ഘട്ടത്തില്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

Post a Comment

Previous Post Next Post