രോഗികളില്ല, ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളിലേക്ക്-രക്ഷകനെ തേടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്..




കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ പടിയിറങ്ങുന്നു.

കാല്‍ നൂറ്റാണ്ട് പിന്നിടുന്ന മെഡിക്കല്‍ കോളേജ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കടന്നുപോകുന്നതിനിടയിലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ പ്രഗല്‍ഭനായ സര്‍ജന്‍ ഡോ.പ്രേംലാല്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ട് സ്വകാര്യ ആശുപത്രിയുടെ ഭാഗമായത്.

മറ്റ് വിഭാഗങ്ങളിലേയും പ്രമുഖ ഡോക്ടര്‍മാരെ ചൂണ്ടയിടുന്ന തിരക്കിലാണ് സ്വകാര്യ ആശുപത്രികള്‍.

കോവിഡ് രോഗബാധമൂലം വയിയൊരു വിഭാഗം രോഗികള്‍ ആശുപത്രിയെ ഉപേക്ഷിച്ച നിലയിലാണ്.

കോവിഡ് ബാധിച്ച് ചികില്‍സയിലുള്ള ജീവനക്കാരുടെ എണ്ണം പത്തില്‍ താഴെ മാത്രമായിട്ടും മെഡിക്കല്‍ കോളേജില്‍ കോവിഡ് ഇതര രോഗികള്‍ എത്തുന്നില്ല.

രോഗികള്‍ വരാതിരിക്കുന്നതിന് പിന്നില്‍ സ്വകാര്യ ആശുപത്രിക്കാരുടെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരാതിയുമായി ജനകീയാരോഗ്യവേദി രംഗത്തി.
പ്രതിമാസം ജീവനക്കാരുടെ ശമ്പളത്തിന് ആറ് കോടി രൂപയും മറ്റ് ചെലവുകള്‍ക്ക് രണ്ട് കോടിയിലേറെ രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുന്ന മെഡിക്കല്‍ കോളേജിനെക്കൊണ്ട് പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്ന് വേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന്‍ പറഞ്ഞു.

കോവിഡ് ഇതര രോഗികളുടെ എണ്ണം കഴിഞ്ഞ ഒരു മാസത്തോളമായി വിരലിലെണ്ണാന്‍ പോലുമില്ലെന്ന അവസ്ഥയാണ്.

ഇതിനിടയിലാണ് ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്കും ആരംഭിച്ചിരിക്കുന്നത്.

ആരെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് വരാനൊരുങ്ങി ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്ത് വിവരം തിരക്കിയാല്‍ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ പിന്തിരിപ്പിച്ചയക്കുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ചന്തേരയില്‍ നിന്നുള്ള ഒരു രോഗിയുടെ ബന്ധു മെഡിക്കല്‍ കോളേജില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ വന്നാല്‍മതി എന്നായിരുന്നു ഫോണെടുത്തയാളുടെ മറുപടി.

ഇതോടെ അദ്ദേഹം രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി.

കേരളത്തിലെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെല്ലാം പരിയാരത്തിന് സമാനമായ പ്രശ്‌നങ്ങള്‍ നിലവിലുണ്ടെങ്കിലും അവിടെയൊന്നും തന്നെ കോവിഡ് ഇതര രോഗികള്‍ക്ക് കുറവൊന്നുമില്ല. പ്രത്യേകിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രൂക്ഷമായ കോവിഡ് ബാധയുണ്ടായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സാധാരണ നിലയിലാണ്.

എന്നാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നൂറില്‍ താഴെ കോവിഡ് രോഗികളുള്ളതില്‍ പത്തില്‍ താഴെ മാത്രമാണ് രോഗം ബാധിച്ച ജീവനക്കാര്‍.

എന്നാല്‍ ശ്മശാനമൂകത തളം കെട്ടിയ മെഡിക്കല്‍ കോളേജിനെ ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ സര്‍ക്കാറിനോ യാതൊരു താല്‍പര്യവുമില്ലെന്ന നിലയിലാണ് കാര്യങ്ങള്‍.
കേരളത്തിലെ ഏറ്റവും മികച്ച ഹൃദ്രോഗവിഭാഗത്തില്‍ കഴിഞ്ഞ 5 മാസമായി പത്തില്‍ താഴെ ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്.

21 വര്‍ഷം പഴക്കമുള്ള റേഡിയോതെറാപ്പി മെഷീനും പ്രവര്‍ത്തിക്കാതായി.

വിവിധ ചികില്‍സകള്‍ക്കായി 23 വിഭാഗങ്ങളുള്ള ഇവിടെ ജനറല്‍ വാര്‍ഡില്‍ 1129 കിടക്കകളും സ്‌പെഷ്യല്‍ വാര്‍ഡില്‍ 175 കിടക്കകളുമാണുള്ളത്.

ഇവയൊക്കെ ഒഴിഞ്ഞുകിടക്കുന്നത് വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും പഠനത്തേയും ബാധിച്ചുതുടങ്ങി.

രാഷ്ട്രീയത്തിന്റെ അതിപ്രസരം നിലനില്‍ക്കുന്ന മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വെറുതെയിരുന്ന് ശമ്പളം പറ്റുകയാണെന്നും മറ്റൊരുവിഭാഗം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായെന്നും ശിവസുബ്രഹ്മണ്യന്‍ ആരോപിക്കുന്നു.

Post a Comment

Previous Post Next Post