ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം;മണ്‍സൂണ്‍ രണ്ടാം വരവിന്, അടുത്തമാസാദ്യം ദിവസങ്ങൾ നീളുന്ന മഴയ്ക്കു സാധ്യത...




ആഴ്‌ചകള്‍ നീണ്ട ഇടവേളയ്‌ക്കുശേഷം മണ്‍സൂണ്‍ വീണ്ടും സജീവമാകുന്നു. ഇതിന്റെ സൂചനയായി ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്‌ക്കു തെക്കായി ന്യൂനമര്‍ദം രൂപംകൊണ്ടുതുടങ്ങി. അടുത്തമാസം നാലിന്‌ ന്യൂനമര്‍ദം പൂര്‍ണതോതിലേക്ക്‌ എത്തുമെന്നാണു കാലാവസ്‌ഥാ ഗവേഷകരുടെ നിഗമനം.
ന്യൂനമര്‍ദം ശക്‌തമാവുകയും അതിനൊപ്പം കാറ്റിന്റെ ദിശ അനുകൂലമാകുകയും ചെയ്‌താല്‍ അറബിക്കടലില്‍ കേരള തീരത്തോടു ചേര്‍ന്ന്‌ കാറ്റിനും മഴയ്‌ക്കും സാധ്യത കൂടുതലാണ്‌. ഓഗസ്‌റ്റ്‌ രണ്ടാംവാരത്തില്‍ കേരളത്തിലുണ്ടായ അതിശക്‌തമായ മഴ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ദിവസങ്ങള്‍ നീളുന്ന മഴയ്‌ക്കും സാധ്യതയുണ്ട്‌.

ശ്രീലങ്കയ്‌ക്ക്‌ തെക്ക്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാധാരണ കണ്ടുവരുന്ന എം.ജെ.ഒ(മാഡെന്‍ ജൂലിയന്‍ ഓസിലേഷന്‍) എന്ന പ്രതിഭാസമാണ്‌ ന്യൂനമര്‍ദത്തിനു കാരണമാകുന്നതെന്ന്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്‌ഥാ ഗവേഷകന്‍ ഡോ.എസ്‌. അഭിലാഷ്‌ ചൂണ്ടിക്കാട്ടി.

സമുദ്രത്തില്‍ കിഴക്കുനിന്നു പടിഞ്ഞാറേക്കു വീശുന്ന ആഗോള മഴപ്പാത്തിയെയാണ്‌ എം.ജെ.ഒ. എന്ന്‌ ശാസ്‌ത്രജ്‌ഞര്‍ വിശേഷിപ്പിക്കുന്നത്‌. എം.ജെ.ഒയുടെ ഫലമായി അതിശക്‌തമായ മഴയാണ്‌ സാധാരണ ഉണ്ടാകാറുള്ളത്‌.
എന്നാല്‍, കാറ്റിന്റെ ദിശ മാറിയാല്‍ ന്യൂനമര്‍ദത്തിന്റെയും ദിശയില്‍ മാറ്റമുണ്ടാകാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഒരുപക്ഷേ, ബംഗാള്‍ ഉള്‍ക്കടലിലേക്ക്‌ ന്യൂനമര്‍ദം കടന്നുപോകാനുമുള്ള വിദൂരസാധ്യതയുമുണ്ട്‌. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ കനത്ത മഴയുടെ ഭീഷണിയൊഴിയും. അതേസമയം, സെപ്‌റ്റംബര്‍ രണ്ടാംവാരം സംസ്‌ഥാനത്ത്‌ മികച്ച മഴ പ്രതീക്ഷിക്കാമെന്നാണു കാലാവസ്‌ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Post a Comment

Previous Post Next Post