രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കും..




രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂളുകള്‍ തുറക്കുക. ഇതുസംബന്ധിച്ച മാര്‍ഗരേഖ ഈ മാസം അവസാനം ഇറക്കും.



അതേസമയം, കോവിഡ് വ്യാപന സാധ്യതകള്‍ കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ ഉള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതി ചര്‍ച്ച ചെയ്തു.

ആദ്യ പതിനഞ്ച് ദിവസം സ്‌കൂളുകളിലെ 10,11,12 ക്ലാസുകളാകും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുറക്കില്ല.

ക്ലാസുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച്‌ ആയിരിക്കും. രാവിലെ 8 മുതല്‍ 11 വരെയും, 12 മുതല്‍ മൂന്ന് വരെയും ആകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂര്‍ സ്‌കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. അധ്യാപക, അനധ്യാപക ജീവനക്കാരില്‍ 33 ശതമാനം മാത്രമാകും ഒരു സമയം സ്‌കൂളില്‍ അനുവദിക്കുക.

Post a Comment

Previous Post Next Post