കോവിഡ് ഭീഷണിയിലും നിയന്ത്രണമില്ലാതെ മാടായിപ്പാറയില്‍ ഉല്ലാസയാത്രക്കാർ.....


പഴയങ്ങാടി: കോവിഡ് ഭീഷണിയിൽ കഴിയുമ്പോഴും നിയന്ത്രണമില്ലാതെ മാടായിപ്പാറയിൽ ഉല്ലാസയാത്രക്കാരെത്തുന്നു.

ഇവരുടെ വാഹനങ്ങൾ പാറയിൽ തലങ്ങും വിലങ്ങും നിർത്തിയിടുന്നു. ജൈവവൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറയെ നശിപ്പിക്കുംവിധമുള്ള കാര്യങ്ങളാണ് നടക്കുന്നത്. വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാതെ പാറയുടെ പുൽമേടുകളിൽക്കൂടി ഓടിക്കുമ്പോൾ ജൈവസമ്പത്തിന് നാശമുണ്ടാകുന്നു.

പാറയിൽ മുളച്ചുവരുന്ന കാക്കപ്പൂ, ചൂത്, ഇരപിടിയൻ സസ്യം എന്ന പേരിലറിയപ്പെടുന്ന ഡ്രോസിറ ഇൻഡിക്ക പോലുള്ള സസ്യങ്ങളുടെ നിലനിൽപ്പിനുതന്നെ ഇത് ഭീഷണിയായി മാറി. കുറേ വർഷങ്ങളായി കാക്കപ്പൂവും ചൂതും എണ്ണത്തിൽ കുറവാണ്. ഇത് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. വെങ്ങര കോപ്പാട് റോഡിൽ മദ്യപരുടെ ശല്യവും കൂടുതലാണ്. ഈ ഭാഗത്തെ പാറയിൽ ധാരാളം മദ്യക്കുപ്പികൾ എറിഞ്ഞുടച്ചത് കാൽനടക്കാർക്കുപോലും ഭീഷണിയായി.

മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടൽ, വാഹനം ഓടിക്കൽ, മാലിന്യം തള്ളൽ, മദ്യ കുപ്പികൾ വലിച്ചെറിയൽ എന്നിവ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നു. തിത്തിരി, വേലിതത്ത എന്നീ പക്ഷികളുടെ പ്രജനനവും ക്രമാതീതമായി കുറയുന്നു.

ദേശാടനപ്പക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയാണ് ഇവിടം. സന്ദർശകരുടെ കടന്നുകയറ്റം തടയാൻ റോഡരികിൽ മുള്ളുവേലി കെട്ടിയിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായിട്ടില്ല.

കൈയേറ്റത്തിനുള്ള ശ്രമം

മാടായിപ്പാറയെ ഖനന വിമുക്തമാക്കിയ ശേഷം നേരിടുന്ന പ്രധാന വെല്ലുവിളി ജൈവവൈവിധ്യ മേഖലയിൽ വാഹനങ്ങൾ കയറ്റി അതിനെ നശിപ്പിക്കലും മാലിന്യങ്ങൾ തള്ളലും, നിർമിതികൾ ലക്ഷ്യംവെച്ചുള്ള കൈയ്യേറ്റ ശ്രമങ്ങളുമാണ്. ഇത് ചെയ്യുന്നതാകട്ടെ മാടായിപ്പാറയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ തന്നെയാണ്. ഇത്തരം പ്രവർത്തനങ്ങളെ മാടായിപ്പാറ സംരക്ഷണസമിതി സേന രൂപവത്കരിച്ച് നേരിടും. സേനയിൽ ഇതിനകം 50 പേർ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് അതിന്റെ പ്രവർത്തനം ആരംഭിക്കും. മുൻകാലങ്ങളിൽ ബോർഡ് വെച്ച് വിലക്കിയതുകൊണ്ട് പ്രയോജനമുണ്ടായിട്ടില്ല.

Post a Comment

Previous Post Next Post