കണ്ണൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാം പരിശോധനാഫലം നെഗറ്റീവ്..


ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച പിലാത്തറ വിളയാങ്കോടെ അമല്‍ ജോ അജിക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലമാണ് നെഗറ്റീവായത്.  പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫലം കൊവിഡ് പോസിറ്റീവ് എന്നായിരുന്നു. തുടര്‍ന്നാണ് ആലപ്പുഴയിലേക്ക് സ്രവം അയച്ചത്. അമലിന്റെ അച്ഛന്റെ പരിശോധനാഫലവും നെഗറ്റീവാണ്. ഇദ്ദേഹം പരിയാരത്തെ നഴ്‌സിംഗ് അസിസ്റ്റന്റാണ്.

അതേസമയം, പരിയാരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി അതീവ ഗുരുതരാണ്. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കി. അത്യാഹിത രോഗികള്‍ക്ക് മാത്രമാണ് ഇനി ചികിത്സ നല്‍കുക. വിവിധ ചികിത്സാ വിഭാഗത്തിലെ ഒ.പികളുടെ പ്രവര്‍ത്തനവും ഭാഗികമായാണ് നടത്തുന്നത്. ന്യൂറോ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സിയുവും, ഗ്യാസ്‌ട്രോ എന്ററോളജി, കമ്യൂണിറ്റി മെഡിസിന്‍, സി.ടി, എം.ആര്‍.ഐ സ്‌കാന്‍ യൂണിറ്റുകളും താല്‍ക്കാലികമായി അടച്ചു.

ശസ്ത്രക്രിയ വിഭാഗത്തിലെ അനസ്തീഷ്യോളജിസ്റ്റുകള്‍ മുഴുവന്‍ ക്വാറന്റൈനില്‍ പോയതോടെ ശസ്ത്രക്രിയാ വിഭാഗങ്ങളും മുടങ്ങി. അടിയന്തിര ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുന്നത്. 90ലേറെ ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആശുപത്രിയും പരിസരവും പൂര്‍ണ്ണമായി അണുനശീകരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post