പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ്: രണ്ടുവർഷത്തിനിടെ പൊലിഞ്ഞത് 38 ജീവൻ..


പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ് തുറന്നുകൊടുത്ത് രണ്ട് വർഷത്തിനുള്ളിൽ അപകടങ്ങളിൽ മരിച്ചത് 38 പേർ. വെള്ളിയാഴ്ച രാവിലെ ചരക്കുലോറിയിടിച്ചുള്ള യുവാവിന്റെ ദാരുണാന്ത്യമാണ് അവസാനത്തെ സംഭവം. രാവിലെ കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അമിതവേഗത്തിലെത്തിയ ലോറി യുവാവിനെ ഇടിച്ചിട്ടത്. ഉടൻ തന്നെ മരണവും സംഭവിച്ചു. ഇതേ ലോറിതന്നെ റോഡരികിൽ നിർത്തിയ പാൽസൊസൈറ്റി ജീവനക്കാരൻ ഹരിദാസനെയും പാൽ കൊണ്ടുപോകുന്ന ബൈക്കും ഇടിച്ചിട്ടു. ഹരിദാസൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


റോഡ് തുറന്നുകൊടുത്ത് ആഴ്ചകൾക്കുള്ളിൽത്തന്നെ മണ്ടൂർ ഭാഗത്താണ് ആദ്യം അഞ്ചുപേർ അപകടത്തിൽ മരിച്ചത്. തുടർന്ന് അപകടങ്ങൾ പലതവണ ആവർത്തിച്ചു. വാഹനങ്ങളുടെ അമിതവേഗം ജനങ്ങളിൽ ഭീതി ഉയർത്തുകയാണ്.

പാപ്പിനിശ്ശേരിക്കും ഇരിണാവിനും ഇടയിൽ മാത്രം ഈ കാലയളവിൽ 12 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്.

ഇതിൽ രണ്ടു ഓട്ടോഡ്രൈവർമാരും ഒരു അധ്യാപകനും രണ്ട് വ്യാപാരികളും ഉൾപ്പെടും. അപകടങ്ങളിൽ ഭൂരിഭാഗവും നടന്നത് വാഹനങ്ങളുടെ അമിതവേഗം കാരണമാണ്. ഈ റോഡിൽ കാൽനടയാത്രയാണ് കൂടുതൽ ഭീഷണി നേരിടുന്നത്. പാപ്പിനിശ്ശേരിക്കും ഇരിണാവിനും ഇടയിൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ മാത്രം ഇരുപതിലേറെ കാൽനട യാത്രക്കാരാണ് വാഹനങ്ങളിടിച്ച് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറുപേർ മരിച്ചിട്ടുണ്ട്‌. കൂടാതെ അപകടത്തിന്റെ ഭാഗമായി ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സ തേടുന്നവരും നിരവധിയാണ്.


പാപ്പിനിശ്ശേരി-പിലാത്തറ റോഡിലെ തെരുവ്‌ വിളക്കുകൾ പല ഭാഗത്തും പ്രകാശിക്കുന്നില്ല. റോഡരികിലെ ഓവുചാലുകൾക്ക് മൂടികൾ നിർമിക്കാത്തതും പല ഭാഗത്തും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

പാതയെ അപകടരഹിതമാക്കാനായി വാഹനങ്ങളുടെ വേഗനിർണയം, മാലിന്യം തള്ളുന്നത് തടയൽ തുടങ്ങിയ ലക്ഷ്യവുമായി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. പുതിയ സംവിധാനം നടപ്പാകുന്നതോടെ പാപ്പിനിശ്ശേരി-പിലാത്തറ റോഡ് അപകടരഹിത ഇടനാഴിയാകുമെന്ന് ടി.വി.രാജേഷ് എം.എൽ.എ. പറയുന്നു. 21 കിലോമീറ്റർ റോഡിൽ അഞ്ചിടങ്ങളിൽ അതിതീവ്ര ശേഷിയുള്ളതും മറ്റു കേന്ദ്രങ്ങളിൽ സാധാരണ ക്യാമറകളും സ്ഥാപിക്കും. ഓഗസ്റ്റിൽ പദ്ധതി യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

പുതിയ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ വാഹനങ്ങളുടെ വേഗനിയന്ത്രണസംവിധാനങ്ങളും ഏർപ്പെടുത്തിയാൽ റോഡിന് ഇതിനകം ലഭിച്ച മോശം പരാമർശങ്ങൾ ഒഴിവായി സ്വൈരയാത്രയ്ക്കുള്ള അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post