പോലീസ് സ്റ്റേഷനുകളില്‍ വാഹനക്കൂമ്പാരം വേണ്ട; ഒന്നുകില്‍ തിരികെ നല്‍കുക അല്ലെങ്കില്‍ ലേലം..



കേസില്‍പ്പെട്ട വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകള്‍ക്കുമുന്നില്‍ കൂട്ടിയിടുന്നത് അവസാനിപ്പിക്കാന്‍ നടപടി. ഹൈക്കോടതി അതൃപ്തിയറിയിച്ചിട്ടും കാര്യമായ മാറ്റമുണ്ടാകാത്തതിലാണ് പോലീസ് മേധാവിയുടെ പുതിയ നിര്‍ദേശം.

പോലീസ് സ്റ്റേഷനുകള്‍ക്കുമുന്നില്‍ വാഹനക്കൂമ്പാരം വേണ്ടെന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധന കഴിഞ്ഞ് എത്രയും പെട്ടെന്ന് ഉടമകള്‍ക്കു വിട്ടുനല്‍കാനും അല്ലാത്തവ ലേലം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കെത്തിക്കാനുമാണ് നിര്‍ദേശം. ഇതില്‍ നടപടിയെടുക്കാന്‍ ജില്ലാ പോലീസ് കേന്ദ്രങ്ങളിലെ എ.എസ്.പി.മാര്‍ക്കും ഡി.സി.പി.മാര്‍ക്കും ചുമതല നല്‍കി.

കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ വൃത്തിയായിരിക്കണമെന്നു കാണിച്ചാണ് ഡി.ജി.പി.യുടെ ഉത്തരവ്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കേസില്‍ പ്രധാനമല്ലാത്ത സാഹചര്യത്തില്‍പ്പോലും വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന രീതി ചില പോലീസ് ഉദ്യോഗസ്ഥര്‍ തുടരുന്നുണ്ട്. രേഖകളിലില്ലാതെയും വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകള്‍ക്കുമുന്നില്‍ കൂട്ടിയിട്ടിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ വാഹനങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണം. ഒരു മാസത്തിനകം ആരും എത്തിയില്ലെങ്കില്‍ ലേലം ഉള്‍പ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കണം.

എത്രയും വേഗം നടപ്പാക്കണം

എത്രയും പെട്ടെന്ന് നടപ്പാക്കേണ്ട കാര്യത്തിനാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്. ഞാന്‍ ഡി.ജി.പി.യായിരുന്ന സമയത്ത് ഇത് ഫലപ്രദമായി നടപ്പാക്കിയിരുന്നു. നിര്‍ദേശം നടപ്പാകുന്നുണ്ടോയെന്ന് ഡി.ജി.പി. ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം.


Post a Comment

Previous Post Next Post