ഇനി കെഎസ്‌ആർടിസിയും ഹൈടെക്‌; 16.98 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി..



തിരുവനന്തപുരം:
കെഎസ്ആർടിസി-യിൽ സമ്പൂർണ കംപ്യൂട്ടർവൽക്കരണവും ഇ- ഗവേണൻസും നടപ്പാക്കാൻ പദ്ധതി. 16.98 കോടി രൂപയുടെ പദ്ധതിക്ക്‌ സർക്കാർ ഭരണാനുമതി നൽകി. അഞ്ച്‌ മാസത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ്‌ നിർദേശം.

ഭരണപരമായ നടപടികൾ, സർവീസ് ഓപ്പറേഷൻ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ടിക്കറ്റിങ് തുടങ്ങിയവ നവീകരിക്കും. ഇതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്ന്‌ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ പറഞ്ഞു.

എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കും. ഇതുമായി ബന്ധപ്പെടുത്തി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം നടപ്പാക്കും. യാത്രക്കാർക്ക്‌ ലൈവ് ട്രാക്കിങ്‌ ആപ് സേവനം ലഭ്യമാക്കും. ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസിന്റെ സ്ഥാനം എന്നിവ യാത്രക്കാർക്ക് ലഭ്യമാകും. സീറ്റ് ലഭ്യതയും അറിയാം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

വാഹനങ്ങളുടെ നിയന്ത്രണത്തിനും യാത്രക്കാരെ സഹായിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ സെന്ററിനും ഹെൽപ്പ് ഡെസ്കിനും രൂപം നൽകും‌. ക്യാഷ്‌ലസ്‌ സൗകര്യമുള്ള ആധുനിക ടിക്കറ്റിങ് സംവിധാനം ജിപിഎസുമായി ബന്ധപ്പെടുത്തി നടപ്പാക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും നാഷണൽ കോമൺ മൊബിലിറ്റി കാർഡും ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ നടപ്പാക്കും. മൊബൈൽ ടിക്കറ്റിങ് സംവിധാനവും ഉണ്ടാകും.

Post a Comment

Previous Post Next Post