കണ്ണൂർ: കോവിഡ് രോഗപ്പകർച്ചരൂക്ഷമാകുന്ന സാഹചര്യത്തിൽ മീൻപിടിത്തത്തിനും വില്പനയ്ക്കും കർശനനിയന്ത്രണം. ബുധനാഴ്ചമുതൽ മീൻപിടിക്കാൻ പോകുന്നതിന് അനുമതി നൽകും. ആയിക്കര മാപ്പിളബേയിൽ ചേർന്ന ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ഇതിന് മാർഗരേഖ തയ്യാറാക്കി. ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പോലീസിന്റെയും അനുമതിയോടെയേ ബോട്ടുകളെ കടലിൽ പോകാൻ അനുവദിക്കുകയുള്ളു.
ഒറ്റനമ്പറിൽ അവസാനിക്കുന്ന ലൈസൻസുള്ളവർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടനമ്പറിൽ അവസാനിക്കുന്ന ലൈസൻസുള്ളവർക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും കടലിൽപോകാം. ഒറ്റനമ്പറുകാരിൽ വെള്ളിയാഴ്ച കടലിൽ പോകാത്തവർക്ക് ഞായറാഴ്ച മീൻപിടിക്കാൻ പോകാം. രാവിലെ പോയി വൈകീട്ട് അഞ്ചിന് മുമ്പ് തിരിച്ചെത്തണം. കടലിൽ പോകുന്നതിന്റെ തലേദിവസം നിരീക്ഷണഓഫീസിൽ ലൈസൻസ് കാണിച്ച് ടോക്കൺ എടുക്കണം. മത്സ്യഭവനുകളാണ് നിരീക്ഷണഓഫീസുകളായി പ്രവർത്തിക്കുക. ഇതിനായി ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും ഫിഷറീസിലെ ഓരോ ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.
വള്ളങ്ങൾ മീനുംകൊണ്ട് കരയ്ക്കെത്തുന്നത് സംബന്ധിച്ചും നിയന്ത്രണങ്ങളുണ്ടാവും. ഹാർബറിലോ ഫിഷ് ലാൻഡിങ് സെന്ററിലോ ചില്ലറവില്പന അനുവദിക്കില്ല. മൊത്തക്കച്ചവടക്കാർ മീൻ എടുത്ത് അവരുടെ ഷെഡ്ഡുകളിൽ കൊണ്ടുപോയി വേണം വിതരണം ചെയ്യാൻ. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ അവിടെ എത്താൻ അനുവദിക്കുകയുള്ളു. ഇടനിലക്കാരടക്കം മറ്റാരെയും ലാൻഡിങ് സ്ഥലത്ത് പ്രവേശിപ്പിക്കില്ല.
എ.ഡി.എം. ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി, അസി. ഡയറക്ടർ കെ.എ. ലബീബ് എന്നിവരും യു. പുഷ്പരാജ് (സി.ഐ.ടി.യു.), പി. പ്രഭാകരൻ, എ.ടി. നിശാന്ത് (ഐ.എൻ.ടി.യു.സി.), അജിത്ത് (ബി.എം.എസ്.) തുടങ്ങിയവരും പങ്കെടുത്തു.

Post a Comment