യുവാവ് ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ടു; പിടികൂടാൻ ചെന്നപ്പോൾ ആത്മഹത്യാഭീഷണി..


ക്വാറന്റീനിൽനിന്ന്‌ ഒഴിവാക്കാൻ ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പഞ്ചായത്തധികൃതരും പോലീസും അനുനയത്തിലൂടെ പിന്തിരിപ്പിച്ചു. മാങ്ങാട്ടിടം വട്ടിപ്രം 117 സ്വദേശിയായ യുവാവാണ് അധികൃതരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്. നിർമലഗിരി കോളേജിലെ ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന്‌ രക്ഷപ്പെട്ട ഇയാൾ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
കുടകിൽ ജോലിചെയ്യുകയായിരുന്ന ഇയാൾ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. കോവിഡ് ബാധിത മേഖലയിൽനിന്ന്‌ എത്തിയതിനാൽ മാങ്ങാട്ടിടം പഞ്ചായത്തിന്റെ കീഴിൽ നിർമലഗിരിയിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലേക്ക് യുവാവിനെ മാറ്റി.

എന്നാൽ ഇവിടെയെത്തി മണിക്കൂറുകൾക്കകം അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇതിനിടയിൽ പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വട്ടിപ്രത്തെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയതോടെ ആത്മഹത്യാഭീഷണി മുഴക്കി യുവാവ് ഇരുനില വീടിന്റെ ഓടിനുമുകളിൽ കയറി ഇരിപ്പുറപ്പിച്ചു.

ഇതിനിടയിൽ ക്വാറന്റീനിലാക്കുകയാണെങ്കിൽ താഴേക്ക് ചാടി മരിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ്്‌ കെ.പ്രസീത, ജെ.എച്ച്.ഐ. എം.പി.സിന്ധു, ജെ.പി.എച്ച്.എം. ഇ.സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും സിവിൽ പോലീസ് ഓഫീസർ വിജിത്ത് അത്തിക്കൽ, വൊളന്റിയർ സി.പി.അജേഷും സ്ഥലത്തെത്തി.

ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറ്്‌ ഉൾപ്പെടെയുള്ളവർ അനുനയിപ്പിച്ച് യുവാവിനെ വീടിന് മുകളിൽനിന്ന്‌ താഴെയിറക്കി. കോവിഡ് പരിശോധന നടത്തിയശേഷം യുവാവിനെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.

Post a Comment

Previous Post Next Post