പയ്യാവൂരില്‍ മകനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ് . വീട്ടില്‍ നിന്ന് നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഇരുപത്കാരനായ ഷാരോണിനെ അച്ഛന്‍ കൊന്നത്. സ്ഥിരം മദ്യപാനിയായ സജി മക്കളുമായി പലകാര്യങ്ങള്‍ക്കും എന്നും വീട്ടില്‍ വഴക്കിടുമായിരുന്നു. പുറത്ത് നിന്ന് ആളുകളെ കൂട്ടി വീട്ടില്‍ വന്ന് മദ്യപിക്കുന്നതിനെ മകന്‍ നിരന്തരം എതിര്‍ത്തിരുന്നു. പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സജിയും മകന്‍ ഷാരോണും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിടിവലിയായപ്പോള്‍ സജിയുടെ നെറ്റിക്ക് പരിക്കേറ്റു. ഇതാണ് മകനോടുള്ള വൈരാഗ്യം കൂടാന്‍ കാരണമെന്നും മകനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തിയും വാങ്ങിയാണ് സജി വൈകിട്ട് വീട്ടിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ്പയ്യാവൂര്‍ ഉപ്പ് പടന്നയില്‍ കൊലപാതകം നടന്നത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ സജി മകന്‍ ഷാരോണിനെ വട്ടം പിടിച്ച് പുറകില്‍ കൂടി രണ്ട് തവണയാണ് ആഞ്ഞ് കുത്തിയത്. പരിക്കേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് കണ്ണൂരേക്കും കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് തന്നെ ഷാരോണ്‍ മരിച്ചു. സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ താമസം. അമ്മ അഞ്ച് വര്‍ഷമായി വിദേശത്ത് ഹോം നഴ്സാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.


Post a Comment