സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേരള സര്‍ക്കാര്‍..


സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേരള സര്‍ക്കാര്‍. കണ്ടെയ്ന്‌മെന്റ് സോണുകള്‍ ഒഴികെയുളള മറ്റു പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്ബത് മണി വരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വ്യാപാരം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചു വേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാനെന്നും നിര്‍ദേശമുണ്ട്. ഒരേസമയം എത്ര പേര്‍ക്ക് കടകളില്‍ പ്രവേശിക്കാമെന്നുളളത് വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം.കടയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മാസ്ക് നിര്‍ബന്ധമാണ്
എല്ലാ കടകളിലും സാനിറ്റൈസര്‍ കരുതണമെന്നുംസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഓണം വിപണിയില്‍ തിരക്ക് അനുഭവപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ താല്‍കാലിക പൊതു മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കുകയും വിപണിയില്‍ സാമൂഹിക അകലം പാലിക്കാനുളള നടപടികള്‍ കെെക്കൊളളുകയും വേണം. ഇതിനായി പരിശീലനം ലഭിച്ചവരുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

സമൂഹസദ്യ വട്ടങ്ങളും പ്രദര്‍ശന വ്യാപാര മേളകളും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. അതോടൊപ്പം ഓഫീസുകളിലെ പൂക്കളങ്ങള്‍ ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ വാങ്ങരുതെന്നും നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

Post a Comment

Previous Post Next Post