കോവിഡ് ബാധിതക്ക് 108 ആംബുലന്‍സില്‍ സുഖപ്രസവം; ജീവനക്കാര്‍ക്ക് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം..


തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസർഗോഡ് ഉപ്പള സ്വദേശിനിയാണ് യാത്രാമധ്യേ ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു. എന്നാൽ യാത്രാമധ്യേ യുവതിയുടെ നില വഷളാവുകയായിരുന്നു. ഇതോടെ ആംബുലൻസ് റോഡ് വശത്ത് നിർത്തിയ ശേഷം 8.23ന് ആംബുലൻസിലെ ജീവനക്കാരുടെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ തന്നെ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകായായിരുന്നു.

108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റോബിൻ ജോസഫ്, ഡ്രൈവർ ആനന്ദ് ജോൺ, എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ എസ്. ശ്രീജ എന്നിവരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഇത്തരം സേവനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് യുവതി കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ 108 ആംബുലൻസ് ജീവനക്കാർ പി.പി.ഇ. കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് യുവതിക്ക് പ്രസവ ശുശ്രൂഷ നടത്തിയത്.


Post a Comment

Previous Post Next Post