കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കുപ്പം - ചുടല -പാണപുഴ റോഡിൽ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ടി വി രാജേഷ് എം.എൽ എ ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തി വേഗത്തിൽ നടക്കാത്തതിനാലും കലവർഷമായതിനാലും പലയിടത്തും വെള്ള കെട്ടുകൾ രൂപപ്പെട്ടതിനാൽ വാഹന ഗതാഗതം പ്രയാസകരമായിരിക്കുകയാണ്.
ആയതിനാൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ താത്കാലിക ക്രമീകരണം ഉണ്ടാക്കണമെന്നും എം എൽ എ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും നിർദ്ദേശം നൽകി. പ്രവൃത്തി നടക്കുന്ന മേഖല എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
പ്രസ്തുത റോഡ് നിർമ്മിക്കാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 57.79 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
ലോക് ഡൗണിന് ശേഷം പ്രവൃത്തി ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. മലയോര മേഖലയിലേക്കുള്ള ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും കോൺട്രാക്ടർ പ്രതിനിധികളും പങ്കെടുത്ത് ജൂൺ 3 ന് ചേർന്ന അവലോകന യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ യോഗത്തിലെ തീരുമാനം നടപ്പിലാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പ്രവൃത്തി നീണ്ട് പോകുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ പ്രയാസം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് എം എൽ എ യുടെ സന്ദർശനം.
താൽകാലിക പരിഹാരമായി വെള്ളം കെട്ടികിടക്കുന്ന ഭാഗങ്ങളിൽ വെള്ളം ഒഴുക്കിവിടുന്നതിനും , കുഴികളിൽ കല്ലുകൾ പാകി (ജിഎസ് ബി ) ഗതാഗത സംവിധാനം ഉണ്ടാക്കുന്നതിനും, മഴ മാറുന്നതിനനുസരിച്ച് ടാറിംഗ് പ്രവൃത്തി വേഗത്തിലാക്കുന്നതിനും തീരുമാനിച്ചു.
ചുടല മുതൽ കച്ചേരികടവ് പാലം വരെ 8 കി മി കല്ലു പാകിയെങ്കിലും ( ജി എസ് ബി) ടാറിംഗ് ചെയ്യാത്തതിനാൽ പലയിടത്തും റോഡിലൂടെ യാത്ര ചെയ്യുന്നത് ദുഷ്ക്കരമാണ്. കാലവർഷം കനത്തതിനാൽ റോഡ് ചളികുളമാണ്. 51 കൾവർട്ടുകളിൽ 31 എണ്ണം മാത്രമാണ് പൂർത്തി കരിച്ചത്. റോഡിലെ മരങ്ങൾ മുറിച്ച് മാറ്റാനുണ്ട്.
എം എൽ എ യോടൊപ്പം പൊതുമരാമത്ത് അസി.എക്സി എഞ്ചിനിയർ കെ.വി.ശശി, സി പി ഐ (എം) മാടായി ഏരിയ സെക്രട്ടറി കെ.പത്മനാഭൻ , പൊതുമരാമത്ത് അസി. എഞ്ചിനിയർ സജിത്ത്കുമാർ , പ്രൊജക്ട് എഞ്ചിനിയർ പി.ടി രത്നാകരൻ, കോൺട്രാക്ടർ പി കെ സുനാസ് എന്നിവരും ഉണ്ടായി
Post a Comment