മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകള്‍

15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളും

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 102 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. ഇതില്‍ 15 അധ്യാപക തസ്തികകളും അനധ്യാപക തസ്തികകളില്‍ ഒരു ഹെഡ് നഴ്‌സ് ഉള്‍പ്പെടെ 16 സ്ഥിരം തസ്തികകളാണ് സൃഷ്ടിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക ചികിത്സ നല്‍കുന്നതിന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് തസ്തികകള്‍ അനുവദിച്ചത്. മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനായി നേരത്തെ അനുവദിച്ച 106 തസ്തികള്‍ക്ക് പുറമേയാണ് ഇതനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രൊഫസര്‍ (ന്യൂറോ സര്‍ജറി) 1, പ്രൊഫസര്‍ (അനസ്‌തേഷ്യാ) 1, അസോ. പ്രൊഫസര്‍ (ന്യൂറോ സര്‍ജറി) 1, അസി. പ്രൊഫസര്‍ (ന്യൂറോ സര്‍ജറി) 1, അസി. പ്രൊഫസര്‍ (അനസ്‌തേഷ്യോളജി) 3, അസി. പ്രൊഫസര്‍ (ഫോറന്‍സിക് മെഡിസിന്‍) 1, സീനിയര്‍ റെസിഡന്റ് (ന്യൂറോ സര്‍ജറി) 2, സീനിയര്‍ റെസിഡന്റ് (അനസ്‌തേഷ്യോളജി) 4, സീനിയര്‍ റെസിഡന്റ് (ജനറല്‍ സര്‍ജറി) 1, എന്നിങ്ങനെ 15 അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്. ഇതോടൊപ്പം ഒരു ഹെഡ് നഴ്‌സ് സ്ഥിരം തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.

സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-രണ്ട് 40, സാര്‍ജന്റ് 1, നഴ്‌സിംഗ് അസിസ്റ്റന്റ് 5, റേഡിയോഗ്രാഫര്‍ ഗ്രേഡ്-രണ്ട് 1, ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് 2, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-രണ്ട് 2, ഇ.സി.ജി. ടെക്‌നീഷ്യന്‍ ഗ്രേഡ്-രണ്ട് 2, പെര്‍ഫ്യൂഷനിസ്റ്റ് 1, മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ്-രണ്ട് 1, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ 1, ക്ലാര്‍ക്ക്/ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍/സൂപ്രണ്ടിന്റെ സി.എ. 2, ഇലക്ട്രീഷന്‍ 1, ലിഫ്റ്റ് ഓപ്പറേറ്റര്‍ 1, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-രണ്ട് 20, വാച്ച്മാന്‍/സെക്യൂരിറ്റി 5, ഫിസിയോതെറാപ്പിസ്റ്റ് 1 എന്നിങ്ങനെയാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.

Post a Comment

Previous Post Next Post