നൊവാക് ജ്യോക്കോവിച്ചിനും ഭാര്യക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

നൊവാക് ജ്യോക്കോവിച്ച് മുൻ കൈ എടുത്ത് നടത്തിയ അഡ്രിയ ടൂറിൽ പങ്കെടുത്ത നാലാമത്തെ താരത്തിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത്തവണ ടൂർണമെന്റിൽ കളിച്ച നൊവാക് ജ്യോക്കോവിച്ചിനു തന്നെയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിനെ കൂടാതെ ഭാര്യ യെലേനക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. മുമ്പ് ടൂർണമെന്റിൽ പങ്കെടുത്ത ഗ്രിഗോർ ദിമിത്രോവ്, ബോർണ കോരിക്ക് എന്നീ പ്രമുഖ താരങ്ങൾക്കും ചില പരിശീലകർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ആണ് ജ്യോക്കോവിച്ചിനും ഭാര്യക്കും കൊറോണ പോസിറ്റീവ് ആണ് എന്ന വിവരം ഇപ്പോൾ പുറത്ത് വന്നത്.

അതേസമയം ജ്യോക്കോവിച്ചിന്റെ കുട്ടികളുടെ കൊറോണ റിസൾട്ട് നെഗറ്റീവ് ആണ്. അതേസമയം ലോക് ഡോണിന് ശേഷം ഉടൻ തന്നെ ഇത്തരമൊരു ടൂർണമെന്റ് നടത്തിയതിൽ കടുത്ത വിമർശനം ആണ് ജ്യോക്കോവിച്ച് നേരിടുന്നത്. എന്നാൽ മനുഷ്യത്വപരമായ കാരണങ്ങൾ കൊണ്ടും നല്ല ഉദ്ദേശത്തോടെയും നടത്തിയ ടൂർണമെന്റിൽ ഇങ്ങനെ സംഭവിച്ചത് നിർഭാഗ്യകരമാണ് എന്നാണ് ജ്യോക്കോവിച്ച് പത്രക്കുറിപ്പിൽ പ്രതികരിച്ചത്. വളർന്നു വരുന്ന താരങ്ങൾക്കും മേഖലക്കും സഹായകരമാവാൻ വൈറസ് ശക്തികുറഞ്ഞ സമയത്ത് നടത്തിയ ടൂർണമെന്റിൽ ഇങ്ങനെ സംഭവിച്ചത് തീർത്തും സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുമ്പ് വാക്സിനേഷനു എതിരായി പോലും പ്രതികരിച്ച ലോക ഒന്നാം നമ്പറിൽ നിന്നുണ്ടായത് തീർത്തും നിരുത്തരവാദിത്വപരമായ തീരുമാനം ആണെന്ന വിമർശനം ടെന്നീസ് താരങ്ങൾ അടക്കം ഉയർത്തുന്നുണ്ട്. അതേസമയം താൻ കാരണം ആർക്കെങ്കിലും കൊറോണ ബാധയോ, ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നത് ആയും ജ്യോക്കോവിച്ച് പറഞ്ഞു. തങ്ങൾ 14 ദിവസം ക്വാരന്റീനിൽ പോവും എന്നറിയിച്ച ജ്യോക്കോവിച്ച് ഇനി ഓരോ 5 ദിവസം വീതവും ടെസ്റ്റുകൾ നടത്തും എന്നും അറിയിച്ചു. ഈ സൗഹൃദ ടൂർണമെന്റിൽ ഉണ്ടായ സംഭവങ്ങൾ പ്രൊഫഷണൽ ടെന്നീസ് തിരിച്ചു വരുന്നതിനെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിൽ ആണ് ആരാധകർ. ഒപ്പം ജ്യോക്കോവിച്ച് ഉടൻ സുഖം പ്രാപിക്കട്ടെ എന്ന പ്രത്യാശയിലും.

The post നൊവാക് ജ്യോക്കോവിച്ചിനും ഭാര്യക്കും കൊറോണ ബാധ സ്ഥിരീകരിച്ചു appeared first on Fanport.

Post a Comment

Previous Post Next Post